
കൊച്ചി: സ്ത്രീസുരക്ഷ തെരുവിൽ വെല്ലുവിളിക്കപ്പെടുമ്പോൾ ഇടതു സാംസ്‌കാരിക നായകന്മാരുടെ മൗനവും നിസംഗതയും കേരളത്തെ ഭയപ്പെടുത്തുന്നതാണന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
മന്ത്രിമാരും സി.പി.എം നേതാക്കളും ഇടനിലക്കാരായി ഉന്നത ഗൂഢാലോചന നടത്തിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. തൃക്കാക്കരയിൽ ചർച്ച ചെയ്യുമെന്ന് ഭയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് ഇരയെ നേരിൽ കാണേണ്ടിവന്നതെന്നും സർക്കാരിന്റെ പൊയ്മുഖമാണ് അഴിഞ്ഞുവീണതെന്നും അദ്ദേഹം പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി വൈറ്റിലയിൽ സംഘടിപ്പിച്ച 'ഇരക്കൊപ്പം നേരിനൊപ്പം, അതിജീവതക്കു ഐക്യദാർഢ്യം" സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, കെ.റെജികുമാർ, പി.ജി.പ്രസന്നകുമാർ, പുലത്ര നൗഷാദ്, സുനിത ഡിക്‌സൺ, കെ.മഹേഷ്, ജെയ്‌സൺ പൂക്കുന്നേൽ, ജിതിൻ വർഗീസ്, ജിൽജിത് ജോജി വർഗീസ്, എ.എസ്.ദേവപ്രസാദ്, ബേബി പാറേകാട്ടിൽ, കെ.ബി.ജബ്ബാർ എന്നിവർ പ്രസംഗിച്ചു.