പെരുമ്പാവൂർ: ഒരു കാലത്ത് അവർ എന്നും കണ്ടിരുന്നവർ. കളിച്ചും ചിരിച്ചും കഥ പറഞ്ഞും ഒന്നായി നടന്നവർ. സ്വപ്നങ്ങൾ പങ്കുവച്ചവർ. കാലത്തിന്റെ കുത്തൊഴുക്കിൽ അവർ വഴിപിരിഞ്ഞു. ഒടുവിൽ അമ്പത് വർഷങ്ങൾക്കുശേഷം സൗഹൃദ സംഘം വീണ്ടും ഒത്തുകൂടി, ആ പഴയ സ്കൂൾ കുട്ടികളായി മാറി.
പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിലെ 1970 എസ്.എസ്.എൽ.സി ബാച്ചാണ് ക്ലാസ്‌മേറ്റ്‌സ് 1970 എന്ന പേരിൽ ഒത്തുചേർന്നത്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തവരുടെ പ്രായം 68നും 70നും ഇടയിൽ വരും. ലോകത്തെ വിട്ടുപോയ അഞ്ച് പേരൊഴികെ ബാച്ചിലെ എല്ലാപേരും സംഗമത്തിനെത്തി. വിദേശ രാജ്യങ്ങളിൽ ചേക്കേറിയവരും സംസ്ഥാനം വിട്ട വരും ജില്ലയുടെ പല ഭാഗങ്ങളിലെ താമസക്കാരായി മാറിയവരും പഴയ സഹപാഠികളെ വീണ്ടും കണ്ടു. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരായിന്നു അവർ
ഓരോരുത്തരും ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന എൻ.വി.സി. അഹമ്മദും വ്യാപാര രംഗത്തുള്ള മധു സൂദനൻ കർത്തയും, ടി.എസ് സജീവനും വിദേശത്തുള്ള ബാലൻ രാമൻ നായരും ഗൾഫിലായിരുന്ന സത്യ മോഹനനും വിരമിച്ച ഉദ്യോഗസ്ഥനായ ജോർജ് സി ചാക്കോയും സിനിമാക്കാരനായ സഫ്ലിനും വർക്ക് ഷോപ്പ് നടത്തുന്ന സെബാസ്റ്റ്യനും ടാക്‌സി ഓടിക്കുന്ന കമലാസനും റേഷൻ വ്യാപാരികളായ അമീർ അലിയും ജോണിയും ബസ്സ് കണ്ടക്ടറായിരുന്ന അബ്ദുൽ മജീദുമെല്ലാം വേറിട്ട അനുഭവങ്ങൾ വിവരിച്ചപ്പോൾ പഴയ ക്ലാസ് മുറിയിലെ മുഴക്കം പുനരാവിഷ്കരിക്കപ്പെട്ടു. ജീവിതത്തിന്റെ സായം സന്ധ്യയിൽ ഓർമ്മകൾ പങ്കിട്ട അവർ സന്തോഷത്തോടെയും സംതൃപ്തിയോടെയും പിരിഞ്ഞു. അപ്പോൾ തങ്ങളെ എന്നെന്നേക്കുമായി വിട്ടുപോയ ചില കൂട്ടുകാരുടെ ഓർമ്മകളും അവർ ഒപ്പം പേറിയിരുന്നു.
അടിക്കുറിപ്പ് : പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ 1970-ലെ എസ് എസ് എൽ സി ബാച്ച് ഒത്തുചേർന്ന ക്ലാസ്സ് മേറ്റ്‌സ് 1970