തൃപ്പൂണിത്തുറ: സ്‌കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ സംസ്ഥാന തല റിലീസ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എറണാകുളം ഡി.ഡി. ഹണി ജി. അലക്‌സാണ്ടർ, സമഗ്ര ശിക്ഷ ജില്ലാ പ്രൊജ്ക്ട് കോ-ഓർഡിനേറ്റർ ജോസ്‌പെറ്റ് ജേക്കബ്, തൃപ്പുണിത്തുറ നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ്, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എൻ. ടി. ശിവരാജൻ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ മഞ്ജു പി.കെ, ബി.പി.സി ധന്യ ചന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ ബെന്നി, രാധിക വർമ തുടങ്ങിയവർ പങ്കെടുത്തു

കവിയും ഗാനരചയിതാവും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയുടെ ഹൃദ്യമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിജയ് കരുൺ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക സിതാര കൃഷ്ണകുമാറാണ്.

ഗാനത്തിന്റെ കന്നഡ, തമിഴ് പതിപ്പും ബന്ധപ്പെട്ടവർ തയ്യാറാക്കുന്നുണ്ട്. ജൂൺ ഒന്ന് പ്രവേശനോത്സവം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കഴക്കൂട്ടം ഗവ. ഹയർ സെക്കൻ‌ഡറി സ്‌കൂളാണ് വേദിയാകുന്നത്. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കൈറ്റ് വിക്ടേഴ്‌സ് നിർവഹിക്കും.