thampan

കൊച്ചി: ജനകീയപ്രശ്‌നങ്ങൾ മറന്ന് ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായി മാറിയ സി.പി.എമ്മിന് ഇടതുപക്ഷമുഖം നഷ്ടപ്പെട്ടെന്ന് സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് ആരോപിച്ചു. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം ഇതിന് തെളിവാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാരാണ് ഒരുലക്ഷം കോടിയിലേറെ ചെലവുള്ള കെ-റെയിൽ പദ്ധതിയുടെ പേരിൽ നാടുനീളെ കല്ലിടുന്നത്.

വികസനത്തിന്റെ പേരിൽ മനുഷ്യനെയും പ്രകൃതിയെയും നശിപ്പിക്കുന്ന വിനാശകരമായ പദ്ധതികൾ എതിർക്കപ്പെടണം. സ്ത്രീസുരക്ഷയെക്കുറിച്ച് ഉറക്കെ സംസാരിക്കുകയും ഇരയ്‌ക്കൊപ്പം എന്നുപറഞ്ഞു വേട്ടക്കാരെ സഹായിക്കുന്നതുമായ വഞ്ചനയാണ് സർക്കാർ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ ഉമാ തോമസിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) നടത്തിയ വാഹനജാഥ ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. യോഗത്തിൽ കായിക്കര ബാബു അദ്ധ്യക്ഷത വഹിച്ചു. ജാഥ നാളെ വൈകിട്ട് പാലാരിവട്ടത്ത് സമാപിക്കും.