ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഫാസ്റ്റ് പാസഞ്ചർ ബസ് മോഷ്‌ടിച്ച കേസിൽ പിടിയിലായ മലപ്പുറം സ്വദേശി ഹരീഷ് കുമാറിനെ (32) പിതാവ് സുബ്രഹ്മണ്യനൊപ്പം ജാമ്യത്തിൽ വിട്ടു. ഇന്നലെ വൈകിട്ടാണ് ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ആനി വർഗീസ് മുമ്പാകെ പൊലീസ് ഹാജരാക്കിയത്.
തിരൂർ ഗവ. മാനസികരോഗ്യ ചികിത്സാകേന്ദ്രത്തിൽ ഹരീഷ്‌കുമാറിനെ ചികിത്സിക്കുന്നതിന്റെ രേഖകൾ പിതാവ് ഹാജരാക്കിയിരുന്നു. മനോനില തെറ്റിയ പോലെ പരസ്പരവിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്ന് ആലുവ പൊലീസും കോടതിയിൽ റിപ്പോർട്ട് നൽകി.
ആലുവ ഡിപ്പോയിലെ ബസുമായി വ്യാഴാഴ്ച രാവിലെയാണ് ഹരീഷ്‌കുമാർ എറണാകുളത്തേക്ക് കടന്നത്. പലയിടത്തായി ആറ് വാഹനങ്ങളിൽ ഉരസി. കലൂരിൽ നിന്ന് നോർത്ത് പൊലീസാണ് ഹരീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.