minister

തൃക്കാക്കര: കോഴിക്കോട് കൂളിമാട് പാലം തകർന്നതി​ലെ അന്വേഷണ റിപ്പോർട്ട് ലഭിക്കുംമുമ്പ് നി​ർമ്മാണം പുനരാരംഭിക്കേണ്ടതില്ലെന്ന് നി​ർദ്ദേശി​ച്ചി​ട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘത്തി​നാണ് അന്വേഷണച്ചുമതല. സാങ്കേതികവശം ഉൾപ്പെടെ വി​ശദമായ അന്വേഷണം വേണം. റിപ്പോർട്ട് കി​ട്ടി​യശേഷമേ പണി​ പുനരാരംഭി​ക്കൂ. തകർന്ന ബീം മാറ്റുന്നതും അതി​നുശേഷം മതി​യാകും. പി.ഡബ്ല്യു.ഡി ചീഫ് എൻജി​നി​യർക്ക് ഇക്കാര്യങ്ങളി​ൽ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയറുടെ പ്രാഥമികറിപ്പോർട്ട് കിട്ടിയിരുന്നു. അതുമാത്രം അംഗീകരി​ക്കാതെ അന്വേഷണം ആഭ്യന്തര വിജിലൻസ് സംഘത്തെ ഏൽപ്പിക്കുകയായി​രുന്നു. നിരവധി തെറ്റായ പ്രവണതകൾ ആറുമാസത്തിനിടെ വി​ജി​ലൻസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റോഡിന്റെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് ഈ അന്വേഷണസംഘം കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണെന്നും മന്ത്രി പറഞ്ഞു.