ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ - ലഹരി മാഫിയകൾക്കെതിരെ സംയുക്ത ബസ് തൊഴിലാളികൾ രംഗത്തെത്തി. 200ഓളം ബസുകളിലായി 750ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന 20ഓളം തൊഴിലാളികളുടെ പിൻബലത്തിലാണ് ഗുണ്ടാ - മാഫിയ സംഘങ്ങൾ സ്റ്റാൻഡിൽ അക്രമം സൃഷ്ടിക്കുന്നതെന്ന് സംയുക്ത തൊഴിലാളികൾ ആരോപിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനകം ഓടികൊണ്ടിരുന്ന ബസിൽ കയറി ഗുണ്ടാ മാഫിയ സംഘം രണ്ട് ഡ്രൈവർമാരെ ആക്രമിച്ചു. മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിക്കുന്ന തൊഴിലാളികളെ സംഘമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പൊലീസ് എയ്ഡ് പോസ്റ്റിൽ മുഴുവൻ സമയം പൊലീസ് സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ സംയുക്തമായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പോളി ഫ്രാൻസിസ് (ഐ.എൻ.ടി.യു.സി), സി.ആർ. മഹേഷ് (സി.ഐ.ടി.യു), ജിതിൻ (ബി.എം.എസ്), സുൽബി (എസ്.ഡി.ടി.യു) എന്നിവരുടെ നേതൃത്വത്തിലാണ് എസ്.പിക്ക് നിവേദനം നൽകിയത്.