കൊച്ചി: മരടിൽ സ്ഫോടനത്തിലൂടെ തകർത്ത അനധികൃത ഫ്ളാറ്റുകളുടെ നിർമ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കമ്മിഷൻ ജി.സി.ഡി.എയിൽനിന്ന് റിപ്പോർട്ട് തേടും. അന്വേഷണത്തിൽ ജി.സി.ഡി.എയെക്കൂടി കക്ഷിചേർക്കണമെന്ന് ബന്ധപ്പെട്ട കക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം തുടങ്ങിവച്ച സംരംഭകരെ ഉൾപ്പെടെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കമ്മിഷൻ പരിശോധിക്കും. വിവിധ കക്ഷികളോട് വിശദീകരണപത്രിക സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങൾ കമ്മിഷൻ ഇന്നലെ പരിഗണിച്ചു.
30, 31,1, 2 തീയതികളിൽ കമ്മിഷൻ സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളിൽ ജി.സി.ഡി.എ ഉൾപ്പെടെയുള്ള കക്ഷികളുടെ വിശദീകരണപത്രിക കമ്മിഷൻ പരിഗണിക്കും. അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.