തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. പാലക്കാട് പട്ടാമ്പി ആമയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഷുക്കൂറിനെയാണ് (49) ഇന്നലെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആമയൂർ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കെ.ടി.ഡി.സി ജീവനക്കാരനുമായ തേൻകുറിശി വീട്ടിൽ ശിവദാസനെ (41) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ഈ മാസം മുപ്പതുവരെ ഇടക്കാലജാമ്യം അനുവദിച്ചു.
എൽ.ഡി.എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജ് ഡി.സി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വി.പി.എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്) സംവിധാനം പ്രതികൾ ഉപയോഗിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച യുവതി അടക്കം മൂന്നുപേർകൂടി കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അന്വേഷണം തുടരുകയാണ്.