കൊച്ചി: പാലാരിവട്ടത്ത് നേതാജി റോഡിൽ വാട്ടർ അതോറിട്ടി കുഴിച്ച കുഴിയിൽ തെന്നിവീണ് മാദ്ധ്യമപ്രവർത്തകന്റെ കൈ ഒടിഞ്ഞു. ജന്മഭൂമി ബിസിനസ് വോയ്സ് മാഗസിൻ എഡിറ്റർ ദിപിൻ ദാമോദരനെ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇരുചക്രവാഹനം അപകടത്തിൽ പെട്ടത്. ആഴ്ചകളായി ഇവിടെ കുഴികൾ മൂടാതെ കിടക്കുകയാണ്. വാട്ടർ അതോറിട്ടി ഓംബുഡ്സ്മാന്റെ ഓഫീസ് കൂടി സ്ഥിതി ചെയ്യുന്ന റോഡിലാണ് ഈ ദുരവസ്ഥ. ചേരാനെല്ലൂർ പ്രദേശത്തേക്ക് കുടിവെള്ള പൈപ്പ്ലൈൻ ഇടുന്ന ജോലികളാണ് നേതാജി റോഡിനെ ചെളിക്കുഴിയാക്കിയത്.
നേതാജി റോഡ് റസിഡൻഷ്യൽ അസോസിയേഷന്റെ പ്രതിഷേധത്തെ തുടർന്ന് മേയർ യോഗവും വിളിച്ചിരുന്നു.
മാസങ്ങളായി ജോലികൾ ഇഴയുകയാണ്. കരാറുകാരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും തുടരുന്ന അനാസ്ഥയാണ് പ്രശ്നം.