കുറുപ്പംപടി: കുറുപ്പംപടി മേഖലയിൽ പഴകിയ മത്സ്യവില്പന തകൃതി. മാരക രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കൂടുതൽ ദിവസം സൂക്ഷിക്കുന്ന മത്സ്യം വില്പനയ്ക്കെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുകയാണ്.

കുറുപ്പംപടി മേഖലയിൽ മിക്ക ഇടങ്ങളിലും പഴകിയ മത്സ്യങ്ങളാണ് വില്പനക്ക് എത്തുന്നത്. പാചകം ചെയ്യാൻ വെട്ടിക്കഴുകി നോക്കുമ്പോഴാണ് മോശം മത്സ്യമാണെന്ന് മനസിലാകുന്നത്. പഴകിയ മത്സ്യം വാങ്ങി കഴിക്കുന്നവർക്ക് ഛർദ്ദി, വയറിളക്കം, ചൊറിച്ചിൽ തുടങ്ങിയവ അനുഭപ്പെടുന്ന സംഭവങ്ങൾ വ‌ർദ്ധിക്കുകയാണ്. തീയേറ്റർ പടിയിലെ വിപണന കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം മത്സ്യം വാങ്ങി കഴിച്ചവരെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചിട്ടും യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാ‍ർ പറയുന്നു. പരിശോധന നടത്താതെ അധികാരികൾ കച്ചവടക്കാർക്ക് ഒത്താശ ചെയ്യുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.