sreejith
ശ്രീജിത്ത്

ആലുവ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരന്തര കുറ്റവാളിയായ ഒരാളെക്കൂടി കാപ്പചുമത്തി ജയിലിലടച്ചു. ആലുവ തായിക്കാട്ടുകര മുക്കത്ത് പ്ലാസവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്തിനെയാണ് (ബിലാൽ - 26) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ നരഹത്യാശ്രമം, ദേഹോപദ്രവം, മയക്കുമരുന്ന് കേസ്, കവർച്ചാശ്രമം, ന്യായവിരോധമായി സംഘംചേരൽ, ആയുധ നിയമപ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. 2019ൽ ഇയാളെ ആറുമാസത്തേക്കും പിന്നീട് 2022 ജനുവരിയിൽ ഒരുവർഷത്തേക്കും നാട് കടത്തിയിരുന്നു.

എന്നാൽ ഉത്തരവ് ലംഘിച്ച് ആലുവ ഈസ്റ്റ് പരിധിയിൽ കയറി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാൽ ഇയാൾക്കെതിരെ ഉത്തരവ് ലംഘനത്തിനടക്കം രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതേത്തുടർന്നാണ് നാടുകടത്തിയ ഉത്തരവ് റദ്ദാക്കി ഇപ്പോൾ കാപ്പചുമത്തി ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 49പേരെ കാപ്പചുമത്തി ജയിലിലടച്ചു. 35പേരെ നാടുകടത്തി.