പെരുമ്പാവൂർ: പെരുമ്പാവൂർ സബ് ആർ.ടി ഓഫിസ് പരിധിയിൽ വരുന്ന സ്‌കൂൾവാഹനങ്ങളുടെ പരിശോധന കറുപ്പംപടി സെന്റ് മേരീസ് സ്‌കൂൾഗ്രൗണ്ടിൽ നടന്നു. പരിശോധനക്ക് മുന്നോടിയായി നടന്ന ബോധവത്ക്കരണ ക്ലാസിൽ, ഡ്രൈവർമാരും അ​റ്റൻഡർമാരും ഉൾപ്പെടെ 125 ഓളം പേർ പങ്കെടുത്തു. 118 വാഹനങ്ങൾ പരിശോധിച്ചതിൽ, തേയ്മാനം സംഭവിച്ച ടയർ , കാര്യക്ഷമത കുറഞ്ഞ ബ്രേക്കുകൾ , പ്രവർത്തനക്ഷമല്ലാത്ത വൈപ്പർ, എമർജൻസി എക്‌സി​റ്റ് തുടങ്ങി വിവിധ അപാകതകൾ കണ്ടെത്തിയ 16 വാഹനങ്ങൾ തിരിച്ചയച്ചു. മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച വാഹനങ്ങൾക്ക് ജോയിന്റ് ആർ.ടി.ഒ എം.കെ. പ്രകാശിന്റെ നേതൃത്വത്തിൽ സുരക്ഷാസ്റ്റിക്കർ പതിച്ച് നൽകി. എം.വി.ഐമാരായ ടി.എക്സ്. ജോഷി, എൻ.കെ. ദീപു, എ.എം.വി.ഐമാരായ കെ. സത്യൻ, എസ്. ഷിബു തുടങ്ങിയവർ പങ്കെടുത്തു.