കൊച്ചി: പച്ചാളം മാർക്കറ്റ് നവീകരണത്തെ കുറിച്ചു പറഞ്ഞുതുടങ്ങിയിട്ട് 22 വർഷത്തിലേറെയായി. നഗരത്തിലെ ഏറ്റവും പഴക്കമുള്ള ചന്തകളിൽ ഒന്നാണിത്. മത്സ്യമാംസങ്ങളും പച്ചക്കറിയും വാങ്ങുന്നതിനായി വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തിയിരുന്ന കാലമുണ്ട്. എന്നാൽ നിയമക്കുരുക്കുകളിൽ പെട്ട് മാർക്കറ്റിന്റെ നവീകരണം നീണ്ടു. ഒടുവിൽ കോർപ്പറേഷനിലെ മുൻ യു.ഡി. എഫ് ഭരണസമിതിയുടെ അവസാനകാലമായ 2020 ഒക്‌ടോബർ 27 ന് പുതുക്കിയ മാർക്കറ്റിന്റെ ഉദ്ഘാടനം നടത്തി. ഹൈബിഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മുൻ മേയർ സൗമിനി ജെയിൻ തുടങ്ങിയവർ പങ്കെടുത്തു. 28 മുറികൾ, പുതിയ ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. എന്നാൽ വൈദ്യുതി കണക്‌ഷൻ എടുക്കാത്തതിനാൽ കച്ചവടക്കാർ മുറികൾ കൈയ്യൊഴിഞ്ഞു. പുറത്തിരുന്നാണ് ഇപ്പോൾ കച്ചവടം.
പ്രതിഷേധവുമായി
ആം ആദ്മി പാർട്ടി
കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുകളുണ്ട്. മാലിന്യം സംസ്കരിക്കുന്നതിന് സൗകര്യമില്ല, മലിനജലം കാനയിലേക്കാണ് ഒഴുക്കുന്നത്.
മാർക്കറ്റിനകത്ത് ടോയ്‌ലറ്റ് നിർമ്മിച്ചുവെങ്കിലും അങ്ങോട്ടു കയറുന്നതിന് പടികൾ നിർമ്മിക്കാത്തതിനാൽ മുതിർന്ന പൗരൻമാർ ബുദ്ധിമുട്ടിലായി . വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തനം. കച്ചവടക്കാരിൽ നിന്ന് 40 ലക്ഷത്തോളം രൂപ കോർപ്പറേഷൻ പിരിച്ചെടുത്തിട്ടുണ്ട്, എന്നാൽ പണി പൂർത്തീകരിക്കാത്തതിനാൽ കടമുറികൾ അടഞ്ഞുകിടക്കുകയാണ്. നിവൃത്തികേടു കൊണ്ട് ബാറ്ററി വെളിച്ചത്തിൽ കച്ചവടം നടത്തുന്നവരുണ്ട്. തുടങ്ങി നിരവധി ആരോപണങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. നിർമ്മാണത്തിലെ അഴിമതിയെയും ക്രമക്കേടിനെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നില്പു സമരം നടത്തി. ഭാരവാഹികളായ പ്രൊഫ. ലെസ്‌ലി പള്ളത്ത്, ജോർജ് റാഫി, ജോൺ ജേക്കബ്ബ്, സുജിത്ത് സി.സുകുമാരൻ, വിനോദ് മാനുവൽ എന്നിവർ സംസാരിച്ചു
പ്രവൃത്തികൾ ആരംഭിച്ചു
മാർക്കറ്റ് പൂർണ്ണമായും നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇലക്‌ട്രിക് വർക്കുകൾ നടന്നുവരുന്നു. ടോയ്ലറ്റിലേക്കുള്ള വഴി പുതുക്കിപ്പണിയും. കൊവിഡ് പ്രതിസന്ധി മൂലമാണ് നവീകരണപ്രവർത്തനങ്ങൾ വൈകിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ കോർപ്പറേഷൻ ബഡ്‌ജറ്റിൽ മാർക്കറ്റിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ഉപയോഗിച്ച് എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിക്കും.
മിനി വിവേര
ഡിവിഷൻ കൗൺസിലർ