കൊച്ചി: ഇടതു - വലതു മുന്നണികൾ പട്ടികജാതി സമൂഹത്തോട് കടുത്ത വഞ്ചനയും അവഗണനയുമാണ് കാട്ടുന്നതെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. കൊച്ചി കോർപ്പറേഷനും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ പട്ടികജാതിക്കാർ ദുരിത പൂർണമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഭൂമി, വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ നൽകാൻ തൃക്കാക്കരയെ പ്രതിനിധീകരിച്ചവർക്ക് ആയിട്ടില്ല. അതേസമയം പട്ടികജാതി വികസനത്തിന് അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിക്കാതെ കൊച്ചിൻ കോർപ്പറേഷനും തൃക്കാക്കര മുനിസിപ്പാലിറ്റിയും ലാപ്‌സാക്കുകയാണ് ചെയ്തത്. ഒന്നര സെന്റ് ഭൂമിയിൽ 2 വീടുകൾ എന്നത് കേരളത്തിൽ എവിടെയും കാണില്ല. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുപോലും തൃക്കാക്കരയിൽ ചെലവഴിച്ചില്ല. തൃക്കാക്കരയിൽ ഇരുമുന്നണികൾക്കുമെതിരെ പട്ടികജാതി സമൂഹം വിധിയെഴുതുമെന്നും ഷാജുമോൻ പറഞ്ഞു.