കൊച്ചി: എം.ജി. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രധാന കാനകൾ തുറന്നു പരിശോധിച്ചു തുടങ്ങി. മേയർ എം. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്ഫ്, ഡിവിഷൻ കൗൺസിലർ സുധ ദിലീപ് , ഉദ്യോഗസ്ഥർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പത്മ ജംഗ്ഷനിലെ തമർ ഹോട്ടലിനു മുന്നിലുള്ള സ്ളാബുകൾ തുറന്നപ്പോൾ കാനയിലൂടെ അടുക്കള മാലിന്യം ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ഇതേതുടർന്ന് ഹോട്ടൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകി.
കാനയുടെ അകത്തു കൂടെ പോയിട്ടുള്ള കെ.എസ്.ഇ.ബി കേബിളുകൾ നീരൊഴുക്കിന് തടസമായതിനാൽ ഇതു നീക്കുന്നതിന് നടപടി സ്വീകരിക്കും. ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഫണ്ട് ഉപയോഗിച്ച് ഗോപാല പ്രഭു റോഡിലും രവിപുരം ശ്രീകണ്ഠത്ത് റോഡിലൂടെ എം.ജി റോഡിലെ വെള്ളം വാട്ടർ അതോറിറ്റി കോമ്പൗണ്ടിലൂടെ കായലിൽ എത്തിക്കുന്നതിനും പുതിയ കാനകൾ നിർമ്മിക്കുമെന്ന് മേയർ അറിയിച്ചു.