നഗരസഭയുടെ റിപ്പോർട്ട് തേടി
കൊച്ചി: നഗരത്തിലെ പേരണ്ടൂർ കനാലിലെ ചെളി നീക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കൊച്ചി നഗരസഭ ജൂൺ മൂന്നിന് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കനത്തമഴയിൽ പനമ്പിള്ളി നഗർ, എം.ജി റോഡ് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് പേരണ്ടൂർ കനാലിലെ ചെളിനീക്കത്തെ കുറിച്ച് ഹൈക്കോടതി വിശദീകരണം തേടിയത്. പേരണ്ടൂർ കനാൽ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങിയെന്നും ഇതിനായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടിയിൽ നിന്ന് വലിയ മെഷീനുകൾ കൊണ്ടുവന്ന് പണി തുടങ്ങിയെന്നും നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചു.
അടുത്ത പത്തു പതിനഞ്ചു ദിവസത്തിനകം കനാൽ വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെടുന്ന ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2018 ലെ പ്രളയത്തെത്തുടർന്ന് പേരണ്ടൂർ കനാലിലെ മാലിന്യങ്ങളും ചെളിയും നീക്കാൻ ഹൈക്കോടതി ഇടപെട്ടു നടപടി സ്വീകരിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇതുണ്ടായില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. കൊച്ചി നഗരത്തിലെ മറ്റു കനാലുകളുടെ ശുചീകരണവും ഇതോടൊപ്പം പൂർത്തിയാക്കണം.
æ മുല്ലശേരി കനാൽ നവീകരണം
മുല്ലശേരി കനാൽ നവീകരണത്തിനായി ഇതിലൂടെ കടന്നു പോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ രണ്ടാഴ്‌ചയ്ക്കകം മാറ്റിക്കൊടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പൈപ്പ്ലൈനുകൾ മാറ്റാൻ നഗരസഭ നാലു കോടി രൂപ വാട്ടർ അതോറിട്ടിക്ക് നൽകിയിട്ടുണ്ടെന്നു നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു. പൈപ്പ് ലൈനുകൾ മാറ്റാത്തതിനാൽ കനാൽ നവീകരണം മന്ദഗതിയിലാണെന്ന് ഓപ്പറേഷൻ ബ്രേക്ക് ത്രൂ അധികൃതർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
æ പി.ആൻഡ് ടി കോളനിക്കാരുടെ പുനരധിവാസം
വെള്ളക്കെട്ടു രൂക്ഷമായ പി ആൻഡ് ഡി കോളനിയിലെ നിവാസികളെ പുനരധിവസിപ്പിക്കാൻ മുണ്ടംവേലിയിൽ പണിയുന്ന ഫ്ളാറ്റിന്റെ നിർമ്മാണം ജൂൺ പത്തിന് പൂർത്തിയാകുമെന്ന് ജി.സി.ഡി.എ ഹൈക്കോടതിയിൽ അറിയിച്ചു. കോളനി നിവാസികളെ അവിടേക്ക് മാറ്റാനുള്ള നടപടികൾ വൈകാതെ സ്വീകരിക്കുമെന്നു വ്യക്തമാക്കി. തുടർന്ന് ഇതേക്കുറിച്ച് സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.