
പെരുമ്പാവൂർ: ഭരതനാട്യത്തിൽ മികവ് തെളിയിച്ച് അന്താരാഷ്ട്ര അംഗീകാരങ്ങൾ സ്വന്തമാക്കി കൊച്ചു കലാകാരി.വേൾഡ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നീ പുരസ്‌കാരങ്ങൾ ആണ് പെരുമ്പാവൂർ വ്യാസ വിദ്യാനികേതൻ സ്‌കൂളിലെ 7ആം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആവണി. കെ. ദിലീപ് എന്ന ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയത്.
നാട്ടുകുറിഞ്ഞി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'സ്വാമി ഞാൻ നിൻ അടിമയ് 'എന്ന് തുടങ്ങുന്ന ഭരതനാട്യ വർണം 515 കുട്ടികളോടൊപ്പം ആടിയാണ് ഈ കലാകാരി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മീഡിയസിറ്റി ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് ചാനൽ ഡയറക്ടർ ഡോ. മനു. സി. കണ്ണൂരിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.
പെരുമ്പാവൂരിലെ പ്രശസ്ത ഗുരുനാഥ നാട്യശ്രീ കലാമണ്ഡലം വസന്തയുടെ കീഴിൽ 3 വയസ്സു മുതൽ നൃത്തം അഭ്യസിച്ചു വരുന്ന ആവണി ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.സ്‌കൂൾ കലാമേള, സർഗോത്സവം, ശലഭമേള, ചിലങ്ക നൃത്തോത്സവം എന്നിവ അവയിൽ ചിലതു മാത്രം.നൃത്തം സപര്യയാക്കിയ ഈ കുട്ടിയെ തേടി ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഇന്ത്യ സ്റ്റാർ ഐക്കൻ അവാർഡ് 2022ഉം എത്തുകയുണ്ടായി.തണ്ടേക്കാട് കൈപ്പിള്ളി പറമ്പത്ത് ദിലീപ്. കെ. ഗോപി സ്മിത ദിലീപ് ദമ്പതികളുടെ മകളാണ്. സഹോദരൻ ആദിത് ദിലീപ് തുരുത്തിപ്ലി സെന്റ് മേരിസ് വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.