കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള പെരുമ്പാവൂർ - കോതമംഗലം റോഡിന്റെയും ചേപ്പനം ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള കോടീശ്വരർ റോഡിന്റെയും ശോച്യാവസ്ഥ സംബന്ധിച്ച പരാതികളിൽ ഹൈക്കോടതി വിശദീകരണം തേടി. പെരുമ്പാവൂർ -കോതമംഗലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന വിഷയത്തിൽ സർക്കാർ അഭിഭാഷകൻ ജൂൺ പത്തിന് വിശദീകരണം നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളിലാണ് നിർദ്ദേശം. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉപയോഗിക്കാനാവാത്ത നിലയിലായ കോടീശ്വരർ റോഡിന്റെ ദു:സ്ഥിതി പരിഹരിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് വിശദീകരണംതേടി അറിയിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

കൊച്ചി നഗരത്തിലെ റോഡുകൾ മിക്കവയുടെയും സ്ഥിതി തൃപ്തികരമാണെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച അഡ്വ. വിനോദ് ഭട്ട്, അഡ്വ. എസ്. കൃഷ്‌ണ എന്നിവർ വ്യക്തമാക്കി. എന്നാൽ ചില റോഡുകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഈ റോഡുകളുടെ ലിസ്റ്റ് നഗരസഭയുടെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്.

കിഴക്കമ്പലം - പട്ടിമറ്റം - നെല്ലാട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. റോഡ് നിർമ്മാണത്തിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും സർക്കാർ നൽകി. നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ ജൂൺ ആറിന് തുറക്കുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.