കൊച്ചി: ഫാസിസത്തേയും വർഗീയതയെയും നേരിടുന്നതിൽ പിണറായി വിജയന് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്ന് ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി പറഞ്ഞു. സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് വികസനമാതൃക പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടി അപകടകരമാണ്. ആശങ്കയുണ്ടാക്കുന്ന ഈ നടപടിക്ക് പിന്നിൽ പിണറായിയും മോദിയും തമ്മിലുണ്ടാക്കിയ രഹസ്യപാക്കേജാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേരള മോഡൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേയ്ക്ക് അയച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, ജനറൽ സെക്രട്ടറി അഡ്വ.കെ. ജയന്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.