കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നായകൾ കൂട്ടമായെത്തി വളർത്തു മൃഗങ്ങളെയും കോഴികളെയും ആക്രമിക്കുന്നത് പതിവാണ്. സ്ത്രീകളും കുട്ടികളും നായകളുടെ ആക്രമണം ഭയന്നാണ് വീടിന് പുറത്തിറങ്ങുന്നത്.പലരും തലനാരിഴയ്ക്കാണ് നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്.സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളെ നായകൾ ആക്രമിക്കുമെന്ന ഭയത്തിലാണ് മാതാപിതാക്കൾ. നായകൾ കൂട്ടത്തോടെ ഇരുചക്രവാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നത് പലപ്പോഴും അപകടത്തിനും കാരണമാകുന്നുണ്ട്. തെരുവ് നായ ശല്യം അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.