ആലുവ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ആലുവ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷ പരിശോധന മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കി. 150 ഓളം വാഹനങ്ങൾക്ക് പരിശോധനാ റിപ്പോർട്ട് നൽകി. ഉച്ചക്ക് ശേഷം ഏലൂരിൽ നടന്ന പരിശോധനയിൽ 60 ഓളം വാഹനങ്ങളും പരിശോധിച്ചു.
25 വാഹനങ്ങൾ വിവിധ കാരണങ്ങളാൽ തിരിച്ചയച്ചു. 17 വാഹനങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നാളെ വീണ്ടും ഹാജരാക്കാൻ നിർദ്ദേശിച്ചു. എട്ട് വാഹനങ്ങളുടെ രേഖകളിൽ കാലാവധി അവസാനിച്ചതിനാൽ മടക്കി.
സ്പീഡ് ഗവർണർ പ്രവർത്തിക്കാത്തവയും ഹാൻഡ് ബ്രേക്ക്, പാർക്കിംഗ് ബ്രേക്ക് പ്രവർത്തിക്കാത്തവയും ബസ് പ്ലാറ്റ് ഫോറം തകരാറായവയും സസ്‌പെൻഷൻ സിസ്റ്റത്തിൽ തകരാറുമുള്ള 17 വാഹനങ്ങളാണ് സുരക്ഷാ പരിശോധയിൽ അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിനായി തിരിച്ചയച്ചത്. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ കെ.ജി. ബിജു, കെ.എസ്. സമീഷ്, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ കെ. സന്തോഷ് കുമാർ, ജസ്റ്റിൻ ഡേവിസ്, കെ.എം. രാജേഷ് എന്നിവർ പരിശോധക്ക് നേതൃത്വം നൽകി.
സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്കായി നാളെ ആലുവ അസീസി ചെറുപുഷ്പം ഓഡിറ്റോറിയത്തിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കും. സുരക്ഷ സ്റ്റിക്കറും വിതരണം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ സുരക്ഷാ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾക്ക് സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരിക്കില്ലെന്നും അത്തരം വാഹനങ്ങൾ സർവ്വീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജോയൻറ് ആർ.ടി.ഒ സലിം വിജയകുമാർ അറിയിച്ചു.