ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട കൊച്ചിൻ ബാങ്ക് പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് പ്രതിരോധ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതിനകം 15 പേർ ഡെങ്കിപ്പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഒരു മാസത്തോളമായി പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ട്. ഈ സാഹചര്യത്തിൽ കൊതുക് നശീകരണത്തിന് ഫോഗിംഗ് നടത്തണമെന്ന് പ്രദേശവാസികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.