വൈപ്പിൻ: മയക്കുമരുന്ന് എന്ന വിപത്തിനെ ചെറുക്കാൻ പൊലീസും നാട്ടുകാരും കൈകോർക്കുന്നു. മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളെ ലഹരി വിമുക്തമാക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി മുനമ്പം ജനമൈത്രി പൊലീസ് ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. മയക്കുമരുന്ന് മാഫിയകളെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനും ഉപയോഗം ചെറുക്കാനും പൊലീസിനു ജനകീയ പിന്തുണ അത്യാവശ്യമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് അഡീഷണൽ എസ്.പി കെ.ലാൽജി പറ‌ഞ്ഞു. ലഹരി വിരുദ്ധ വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതി നേരെ മറിച്ചാണെന്ന് ലാൽജി പറ‌ഞ്ഞു.
പള്ളത്താം കുളങ്ങരയിൽ നിന്ന് ആരംഭിച്ച റാലി ചെറായിദേവസ്വം നടയിൽ സമാപിച്ചു. സ്റ്റേഷൻ പരിധിയിലെ നാലുകേന്ദ്രങ്ങളിൽ ചെണ്ട കൊട്ടി ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. മുനമ്പം ഡിവൈ.എസ്.പി. ടി.ആർ രാജേഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്,​ നിബിൻ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മുനമ്പം സി.ഐ. എ.എൽയേശുദാസ്, എസ്.ബി.ഐ ശാഖാ മാനേജർ വിനോദ് വാസു, മുനമ്പം എസ്.ഐ. കെ.എസ് ശ്യാംകുമാർ , കെ.കെ. അബ്ദുൾ റഹ്മാൻ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാംഗങ്ങൾ എന്നിവർ റാലിയിൽ അണിനിരന്നു.