കോതമംഗലം: അദ്ധ്യയന വർഷത്തിന് മുന്നോടിയായി കോതമംഗലം സബ് ആർടി ഓഫിസ് പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന കോതമംഗലം ജോയിന്റ് ആർ.ടി.ഒ യുടെ നേതൃത്വത്തിൽ പൂർത്തിയായി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടന്ന പരിശോധനയിൽ കോതമംഗലം മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 184 വാഹനങ്ങളാണ് പരിശോധനയ്ക്കായി എത്തിയത്. ഇതിൽ 164 വാഹനങ്ങൾ പരിശോധനയിൽ വിജയിച്ചു. ഇവയ്ക്ക് സുരക്ഷാ സ്റ്റിക്കർ പതിക്കുകയും പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങൾ തകരാർ തീർത്ത് വീണ്ടും ഹാജരാക്കാനും നിർദ്ദേശം നൽകി. ഇനിയും പരിശോധനയ്ക്കായി എത്തിക്കാത്ത വാഹനങ്ങൾ ജൂൺ ഒന്നിന് മുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ ഹാജരാക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്.സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന മറ്റ് വാഹനങ്ങൾക്കും ഇത്തരം പരിശോധന ആവശ്യമാണെന്നും ടെസ്റ്റിൽ പങ്കെടുത്ത് സുരക്ഷാ സ്റ്റിക്കർ പതിക്കേണ്ടതാണെന്നും ആർ.ടി.ഒ അറിയിച്ചു. ജോയിന്റ് ആർ.ടി.ഒ ഷോയ് വർഗീസ്, മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ ടി.എം ഇബ്രാഹിംകുട്ടി, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അജിത് കുമാർ, മനോജ് കുമാർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.