മട്ടാഞ്ചേരി: ബസാർ റോഡ് യത്തീം ഖാനയ്ക്ക് എതിർവശം സ്വകാര്യ വ്യക്തിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത പുറമ്പോക്ക് ഭൂമി വീണ്ടും കൈയേറി. 2017 ൽ മട്ടാഞ്ചേരി വില്ലേജ് ഓഫിസർ തിരിച്ചെടുത്ത് താഴിട്ട് പൂട്ടിയ റവന്യൂ പുറമ്പോക്ക് ഭൂമിയാണ് താഴ് തകർത്ത് വീണ്ടും കൈയേറി പാർക്കിംഗ് ഏരിയയാക്കി മാറ്റിയത്. സംഭവത്തെ തുടർന്ന് കൊച്ചി തഹസിൽദാർ സുനിത ജേക്കബിന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ ഭൂമി തിരിച്ച് പിടിച്ച് താഴിട്ട് പൂട്ടുകയായിരുന്നു. താഴ് തകർത്ത് അകത്ത് കടന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലിസിന് കത്ത് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.