തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കളമശേരി എച്ച്.എം.ടി കോളനിയിൽ അരിമ്പാറവീട്ടിൽ ഷിബു (48), കണ്ണൂർ കേളകം ഇരമ്പിപ്ലാക്കൽ അബ്ദുൾ റഹ്മാൻ (36) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഷിബു കളമശേരി മെഡിക്കൽ കോളേജിലെ ഐ.എൻ.ടി.യു.സി യൂണിയൻ നേതാവും കോൺഗ്രസ് പ്രവർത്തകനുമാണ്. താത്കാലിക ജീവനക്കാരനായിരുന്ന ഷിബുവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹിയായ അബ്ദുൾ റഹ്മാൻ സഹോദരിയുടെ മകന്റെ ആധാർകാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തശേഷം ഈ നമ്പർ ഉപയോഗിച്ചു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. വീഡിയോ പലർക്കും ഷെയർ ചെയ്തശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.