മരട്: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മരട് തിരുഅയിനി ക്ഷേത്രത്തിൽ 'പാളയും കയറും വഴിപാട്' സമർപ്പണം ഉദ്ഘാടനം ചെയ്തു. മുൻ കാലങ്ങളിൽ ക്ഷേത്രത്തിൽ പ്രാധാന്യത്തോടെ നടത്തിയിരുന്നതും പിന്നീട് മുടക്കം വന്നതുമാണ് ഈ വഴിപാട്. ആസ്മ രോഗത്തിന്റെ ശമനത്തിനായാണ് ക്ഷേത്രത്തിൽ 'പാളയും കയറും' നടയിൽ വയ്ക്കുക വഴിപാട് എന്നാണ് ഐതീഹ്യം. മുമ്പ് ക്ഷേത്രത്തിൽ പതിവായിരുന്ന ഈ വഴിപാട് മൂലം ഒട്ടേറെ ഭക്തർക്കു രോഗത്തിന് ശമനം കിട്ടിയിരുന്നതായും പഴമക്കാർ പറയുന്നു. ഇത് കണക്കിലെടുത്താണ് ദേവസ്വം കൗണ്ടറിലൂടെ ഈ വഴിപാടുകൾ പുന:രാരംഭിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. മുതൽകൂട്ടു തുകയായി ദേവസ്വത്തിൽ 120രൂപ അടച്ചാൽ പാളയും കയറും കിട്ടും. അത് കൊണ്ടുപോയി ഒരു പ്രദക്ഷിണം വച്ച് നടയിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്.

വഴിപാട് സമർപ്പണ ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ വി.അയ്യപ്പനും എം.ജി.നാരായണനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം ഓഫീസർ സിജു, ഉപദേശക സമിതി പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി ജയേഷ്, പൂർണശ്രീ എക്യുപ്മെന്റ്സ് എം.ഡി. ബാബുമോൻ ഗോപി, ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.