
മൂവാറ്റുപുഴ: സ്കൂൾ തുറക്കാൻ ഒരുദിവസം മാത്രം അവശേഷിക്കെ വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുങ്ങി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ. കൊവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ പ്രവേശനോത്സവത്തോടെ ബുധനാഴ്ചയാണ് തുറക്കുന്നത്. പേഴയ്ക്കാപ്പിള്ളി ഗവ.ഹൈസ്കൂളിലാണ് ഇത്തവണ ജില്ലാതല പ്രവേശനോത്സവം. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ,സ്വകാര്യ സ്കൂളുകളെല്ലാം പ്രവേശനോത്സവത്തിന് തയാറായിക്കഴിഞ്ഞു. രണ്ടു വർഷത്തോളം അടഞ്ഞുകിടന്നതിനെ തുടർന്ന് കാടുകയറിയ സ്കൂൾ മുറ്റവും പരിസരവുമെല്ലാം ഇതിനകം ശുചീകരിച്ചിരുന്നു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സ്ക്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. സ്കൂളുകളുടെ മേൽക്കൂരയടക്കം അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. പെയിന്റിംഗും പൂർത്തിയാക്കി. മിക്ക സ്കൂളുകളുടെയും മുറ്റം ഇന്റർലോക്ക് പാകി മനോഹരമാക്കി. ഭൂരിഭാഗം സ്കൂളുകളിലും കൂടുതൽ ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായി. സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളും ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസും നൽകിയിട്ടുണ്ട്. വിദ്യാലയങ്ങളിലെ മുന്നൊരുക്കങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണവും ലഭിച്ചിരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ 58 ഹൈസ്കൂളുകളും വിദ്യാർത്ഥികളെ വരവേൽക്കാൻ തയാറായതായി ഡി.ഇ.ഒ. ആർ.വിജയ പറഞ്ഞു.