thooukkupalam

മൂവാറ്റുപുഴ: 2018ലെ പ്രളയത്തിൽ തകർന്ന തോട്ട‌ഞ്ചേരി തൂക്കുപാലം പുനർനിർമ്മിക്കുമെന്ന വാഗ്ദാനം ഇപ്പോഴും പാഴ് വാക്കുന്നു. റീബിൽഡ കേരള പദ്ധതിയിൽപ്പെടുത്തി തൂക്കുപാലത്തിനായി പണം അനുവദിച്ചിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

കടുംപിടിയേയും -തോട്ടഞ്ചേരിയെയും തമ്മിൽ ബന്ധിപ്പിച്ച് കാളിയാർ പുഴയ്ക്കു കുറുകെ നിർമ്മിച്ച തൂക്കുപാലമാണ് 2018ലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇതോടെ നൂറുകണക്കിനാളുകളുടെ യാത്രമാർഗം ഇല്ലാതായി.കാരിമറ്റം - തോട്ടഞ്ചേരി പ്രദേശങ്ങളിലുള്ളവർക്ക് ആയവന പഞ്ചായത്ത് ആസ്ഥാനത്തേയ്ക്കും കൊച്ചി ദേശീയപാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനും കാലാമ്പൂർ, കടുംപിടി പ്രദേശങ്ങളിലുള്ളവർക്ക് രണ്ടാർ, തൊടുപുഴ - മൂവാറ്റുപുഴ റോഡിലേക്കും എത്തിച്ചേരുന്നതിനും തൂക്കുപാലം ഏറെ പ്രയോജനകരമായിരുന്നു. പാലം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ സ്കൂൾകുട്ടികളടക്കമുള്ളവർ ദുരിതത്തിലായി. നാട്ടുകാർ അധികൃതർക്ക് പലവട്ടം പരാതി നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെ അന്നത്തെ എം.എൽ.എ എൽദോ എബ്രഹാം ഇടപെട്ടാണ് ഫണ്ട് അനുവദിപ്പിച്ചത്. ഒരു കോടി 72 ലക്ഷം രൂപ 2020ലാണ് അനുവദിച്ചത്. പാലം പുനർനിർമ്മിക്കാൻ കെല്ലിന്റെ നേതൃത്വത്തിൽ നടപടികളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ പിന്നീടൊരു നടപടിയുമുണ്ടായില്ല. ഇതിനിടെ തൂക്കുപാലത്തിന് പകരം കോൺക്രീറ്റ് പാലം നി‌ർമ്മിക്കുമെന്ന പ്രഖ്യാപനവും വന്നു. മാത്യു കുഴൽ നാടൻ എം.എൽ.എ.യായതോടെയാണ് കോൺക്രീറ്റ് പാലം എന്ന നിർദേശം വന്നത് .പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിപ്രകാരം കോൺക്രീറ്റ് പാലം പണിയാനായിരുന്നു തീരുമാനം. ഇതു നടപ്പാക്കുന്നതിലും അധികൃതർ പരാജയപ്പെട്ടു പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ വള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ. അതല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി രണ്ട് ബസുകളെങ്കിലും കയറിയാലേ കുട്ടികൾക്ക് സ്കളുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.

ഈ സാഹചര്യത്തിൽ റീബിൽഡ് പദ്ധതിയിൽപ്പെടുത്തി അനുവദിച്ച തുക വിനിയോഗിച്ച് തൂക്കുപാലം നിർമ്മിച്ച് യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.