
കൊച്ചി:കേരളത്തിൽ 21,271 കോടി രൂപ ചെലവിൽ ആകെ 187 കിലോമീറ്റർ വരുന്ന ആറ് പുതിയ ദേശീയപാത പദ്ധതികൾ നടപ്പാക്കും. 121 കിലോമീറ്ററുള്ള പാലക്കാട് - മലപ്പുറം - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ 966ലെ ഗതാഗതം സുഗമമാക്കുമെന്നും ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ ചെയർപേഴ്‌സൺ അൽക്ക ഉപാദ്ധ്യായ കൊച്ചിയിൽ അറിയിച്ചു.
കേരളത്തിൽ 177 കിലോമീറ്റർ റോഡ് ശൃംഖല പൂർത്തിയാക്കി. 34,972 കോടി രൂപ ചെലവിൽ 403 കിലോമീറ്റർ റോഡിന്റെ നിർമ്മാണം തുടരുകയാണ്.
പാലക്കാട് - മലപ്പുറം - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നവീകരിക്കുന്നതോടെ യാത്രാസമയം മൂന്നര മണിക്കൂറിൽ നിന്ന് ഒന്നര മണിക്കൂറായി കുറയും. പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദൂര പ്രദേശങ്ങളുടെ വികസനത്തിന് ഗ്രീൻഫീൽഡ് ഹൈവേ ഉത്തേജനം നൽകും.
59 കിലോമീറ്റർ ചെങ്കോട്ട - കൊല്ലം ഗ്രീൻഫീൽഡ് ഹൈവേയിൽ തടസമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കും. നിലവിലുള്ള എൻ.എച്ച് 744ൽ ഗതാഗതം സുഗമമാക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകൾക്ക് പാതയുടെ വികസനം ഗുണകരമാകും.
ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ അരൂർ വരെ 12.34 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ നടപ്പാക്കും. ഇത് സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ആറു വരി എലിവേറ്റഡ് ഹൈവേയാകും.
തിരുവനന്തപുരം ജില്ലയിലെ ഗതാഗതം സുഗമമാക്കാൻ ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് അംഗീകാരം നൽകും. ഇത് ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തും. ഔട്ടർ റിംഗ് റോഡ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ഗതാഗതം സുഗമമാക്കും. തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ വികസനം വേഗത്തിലാക്കും.
കുതിരാൻ തുരങ്കം പ്രതിദിനം 30,000ലധികം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. രാവിലത്തെ ഷിഫ്റ്റിൽ യൂസർ ഫീ പിരിക്കാൻ വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ച പാലിയേക്കര ടോൾ പ്ലാസ മാതൃകയായെന്നും അവർ പറഞ്ഞു.
ബ്ലാക്ക് സ്‌പോട്ടുകൾ
214 ബ്ലാക്ക് സ്‌പോട്ടുകളിൽ അപകടം ഒഴിവാക്കാൻ നടപടി പൂർത്തിയായി
156 ബ്ലാക്ക് സ്‌പോട്ടുകളിൽ ദീർഘകാല നടപടികൾ നടപ്പാക്കും