ആലുവ: സ്‌കൂൾ തുറക്കലിനോട് അനുബന്ധിച്ച് സുരക്ഷാ ഒരുക്കങ്ങളുമായി റൂറൽ ജില്ലാ പൊലീസ്. വിദ്യാർത്ഥി സുരക്ഷക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കും.

പ്രധാന റോഡിനോട് ചേർന്നുള്ള സ്‌കൂളുകൾക്ക് മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരുടെ സേവനം ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് സ്വീകരിക്കുക. പിങ്ക് പൊലീസും പ്രത്യേക ബൈക്ക് പട്രോളിംഗ് യൂണിറ്റും സേവന രംഗത്ത് ഇറങ്ങും. ബസ് സ്റ്റാൻഡുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. സ്‌കൂൾ വാഹനങ്ങളിലും വിദ്യാർത്ഥികൾ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്‌കൂളിന് സമീപത്തെ കടകളിൽ പുകയില ഉല്പന്നങ്ങളും വിദ്യാർത്ഥികൾക്ക് ഹാനികരമായ വസ്തുക്കളും വിൽപ്പന നടത്തുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തും. വില്പനക്കാർക്കെതിരെ കർശന നടപടിയെടുക്കും. എല്ലാ സ്കൂളുകളിലും രണ്ടു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ ക്ലാസ് നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. സൈബർ, പോക്‌സോ, ട്രാഫിക്ക് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. എല്ലാ സ്റ്റേഷൻ പരിധിയിലും അദ്ധ്യാപക - രക്ഷാകർതൃ പ്രതിനിധികളുടെ യോഗം പൊലീസ് വിളിച്ചിരുന്നു.