vote

കൊച്ചി: തൃക്കാക്കരയിലെ ഓരോ വീടും ഫ്ളാറ്റുകളും സ്ഥാപനങ്ങളും കയറിയിറങ്ങി വോട്ടുറപ്പിക്കാനെത്തിയ രാഷ്ട്രീയ നേതാക്കൾ കളമൊഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കളും പ്രവർത്തകരും മണ്ഡലം വിടുന്നത് 27 നാൾ നീണ്ട പ്രചണ്ഡപ്രചാരണത്തിന് ശേഷം.

മൂന്നു മുന്നണികളുടെയും മുഴുവൻ നേതാക്കളും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം കൊഴുപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എം.എൽ.എമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് സ്ഥാനാർത്ഥിക്കായി വോട്ടുതേടി. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും സംസ്ഥാന നേതാക്കളും മന്ത്രിമാരുമെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നൽകാൻ മടിക്കുന്ന ഫ്ളാറ്റുകളിലും വില്ലകളിലും വരെ ഇക്കുറി നേതാക്കൾ കയറിയിറങ്ങി.

പ്രചാരണം അവസാനിച്ചാൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള നേതാക്കൾ സ്ഥലംവിടണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇന്നലെ വൈകിട്ടോടെ പടത്തലവന്മാർ തൃക്കാക്കരയിൽ നിന്ന് മടങ്ങിയത്. മിക്കവരും സമീപ മണ്ഡലമായ കൊച്ചി നഗരത്തിൽ തുടരുകയാണ്.

എം.പിക്ക് തുടരാം

പരസ്യ പ്രചാരണം പൂർത്തിയായതിനാൽ മണ്ഡലത്തിനു പുറത്തുനിന്ന് പ്രചാരണത്തിനായി എത്തിയ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. വോട്ടറെല്ലെങ്കിലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിക്ക് തുടരാം. എന്നാൽ,​ പ്രചാരണ പ്രവർത്തനങ്ങൾ പാടില്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും പൊലീസും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.