കൊച്ചി: മഴയ്ക്കൊപ്പം ജില്ലയിൽ പനിയും പടരുമ്പോൾ ശ്രദ്ധവേണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഉറപ്പ്. മഴക്കാല രോഗങ്ങളെ ചെറുക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കർമ്മ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങളുടെെ ഭാഗത്തു നിന്നുള്ള ശ്രദ്ധയും കരുതലും ഉണ്ടെങ്കിൽ മാത്രമേ പകർച്ച വ്യാധികളെ അതിജീവിക്കാനാവൂ. മഴക്കാലത്ത് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗങ്ങളാണ് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ. ഇവയെ തടയാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ്
പദ്ധതികൾ
മഴക്കാലപൂർവ പകർച്ചവ്യാധികൾ തടയാൻ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡി.എം.ഒ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാരെ ഓരോ ബ്ലോക്കുകളിലും നിയമിച്ചു. കൂടാതെ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുമായും മറ്റ് വകുപ്പ് മേധാവികളുമായും ചർച്ച നടത്തി. കൊതുക് നിവാരണത്തിന്റെ ഭാഗമായി വീടുകളിൽ ഞായറാഴ്ചകളിലും ഓഫീസുകളിൽ ശനിയാഴ്ചകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. എലിപ്പനി നിർമാർജനത്തിനായി മൃത്യുഞ്ജയം എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ തിരഞ്ഞെടുപ്പിന് ശേഷം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. ഭക്ഷണ ശാലകളിൽ ആരോഗ്യവകുപ്പ് പരിശോധന തുടരുന്നുണ്ട്.
രോഗങ്ങളെ ചെറുക്കാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് വെള്ളത്തിലൂടെ രോഗങ്ങൾ പകരാൻ സാദ്ധ്യത കൂടുതലാണ്. മലിന ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക.
സ്‌കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാൻ പ്രത്യേകം ശ്രദ്ധിക്കുകയും കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങിക്കുടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
മഴക്കാലത്ത് ചൂട് അനുഭവപ്പെടില്ലെങ്കിലും ശരീരത്തിൽ ജലാംശം ആവശ്യമാണ് അതിനാൽ ദാഹമില്ലെങ്കിൽ പോലും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. മഴക്കാലത്ത് രോഗപ്രതിരോധശേഷി പൊതുവേ കുറയും. നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും ചെളിവെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. നനഞ്ഞ കാലുകൾ എപ്പോഴും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കണം.
എലിപ്പനി, ഡെങ്കിപ്പനി
വീടുകളിൽ കൊതുക് നശീകരണം ആദ്യം ശ്രദ്ധിക്കണം. മണിപ്ലാന്റുകൾ വയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിലെ മലിനജലം എത്തുന്ന ട്രേ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഡെങ്കിപ്പനി ബാധയുണ്ടാകാം. എലിപ്പനി ഉണ്ടാകാൻ സാഹചര്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഓട വൃത്തിയാക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മലിനജലുവമായി സമ്പർക്കത്തിലാകുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. പനിയോ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ പാടില്ല. ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.