ജൂൺ 5 മുതൽ സ്‌പെഷ്യൽ ഡ്രൈവ്
തൃക്കാക്കര: തൃക്കാക്കര പ്ലാസ്റ്റിക് വിമുക്ത ' നഗരസഭയാവുന്നു. നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ, മാളുകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗവും ഹരിത കർമ സേനയുടെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് അനുവദിക്കില്ല. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ, 60 ഗ്രാം പെർ സ്‌ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ വൂവൺ ബാഗുകൾ എന്നിവയ്ക്കാണ് നിരോധനം. ആദ്യ തവണ നിയമലംഘനത്തിന് 25,000 രൂപയും തുടർന്നുള്ള ലംഘനത്തിന് 50,000 രൂപയും ഈടാക്കാനാണ് നീക്കം. നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും.
ആറുവർഷം മുമ്പാണ് പ്ലാസ്റ്റിക് നിരോധനം കൊണ്ടുവന്നത്. ആദ്യ ഘട്ടത്തിൽ വ്യാപക പരിശോധന നടത്തുകയും ഒട്ടേറെ നിരോധിച്ച പ്ലാസ്റ്റിക് ബാഗുകൾ പിടികൂടിക്കയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികൾ ലംഘിച്ചു. നിരോധിച്ച പ്ലാസ്റ്റിക് സംഭരിച്ച് കയറ്റി അയയ്ക്കാൻ തൃക്കാക്കര നഗരസഭ ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. സമ്പൂർണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിരോധനമായിരുന്നു നഗരസഭ തീരുമാനം.
നിരോധിക്കുന്നത് എന്തെല്ലാം?
പ്ലാസ്റ്റിക് കാരി ബാഗുകൾ, ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, കപ്പുകൾ, പ്ലേറ്റുകൾ, പി.വി.സി ഫ്ളക്‌സ് മെറ്റീരിയലുകൾ, നോൺവൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്‌ളാഗുകൾ, ബണ്ടുകൾ, പ്ലാസ്റ്റിക് കുടിവെള്ള പൌച്ചുകൾ, ഗാർബേജ് ബാഗ്, എന്നിവയെല്ലാം നിരോധിച്ച ഉത്പന്നങ്ങളുടെ പട്ടികയിൽ വരുന്നു.
നിരോധനം ബാധകമല്ലാത്തവ
അളന്നു വെച്ച ധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവ പാക്കു ചെയ്യുന്ന പാക്കറ്റുകൾ, ക്ലിംഗ് ഫിലിം, മത്സ്യം, മാംസം എന്നിവ വില്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവർ, ബ്രാൻഡഡ് ജ്യൂസ് പാക്കറ്റുകൾ, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവ.