ആലുവ: ആലുവ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച മനോദൗർബല്യമുള്ള മലപ്പുറം മഞ്ചേരി നെച്ചിക്കുന്ന് മേലേതിൽ വീട്ടിൽ ഹരീഷ് കുമാറിന് എറണാകുളം കലൂരിൽ വച്ച് ക്രൂര മർദ്ദമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്.

കഴിഞ്ഞ 26ന് രാവിലെയാണ് ആലുവയിൽ നിന്ന് ഹരീഷ് കുമാർ ബസുമായി എറണാകുളത്തേക്ക് കടന്നത്. മനോദൗർബല്യമുള്ളയാളാണെന്ന് അറിയാതെയാണെങ്കിലും നാട്ടുകാർ നിയമം കൈയ്യിലെടുത്തെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വഴിയാത്രക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ചിലർ ശക്തമായി പ്രതികരിച്ച ശേഷമാണ് മർദ്ദനം അവസാനിച്ചത്. മർദ്ദിക്കരുതെന്നും പൊലീസിനെ വിളിക്കാനും ചിലർ ആവശ്യപ്പെടുന്നുണ്ട്. ഹരീഷ് കുമാർ ധരിച്ചിരുന്ന ടീ ഷർട്ട് മർദ്ദനത്തിനിടെ പൂർണമായി കീറുകയും ചെയ്തിരുന്നു.

സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് കൈമാറിയ ഹരീഷ് കുമാറിനെ ആലുവ പൊലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും മാനസിക രോഗത്തിന് ചികിത്സിക്കുന്ന രേഖകൾ ബന്ധുക്കൾ ഹാജരാക്കിയതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ മർദ്ദനം സംബന്ധിച്ച് ഹരീഷ് കുമാറോ മറ്റാരെങ്കിലുമോ പരാതി നൽകിയിട്ടില്ലെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.