asokan

കോലഞ്ചേരി: സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രവികസനം വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ നടപ്പാക്കി കർഷകരുടെയും ക്ഷീര കർഷകരുടെയും സ്വപ്നങ്ങൾക്ക് നിറംപകർന്ന പ്രസിഡന്റ് വി.ആർ. അശോകൻ വിടവാങ്ങി. ചുരുങ്ങിയ കാലം കൊണ്ട് കാർഷിക രംഗത്ത് സമഗ്ര ഇടപെടലാണ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടത്തിയത്. നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ ഉല്പാദനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കുന്ന പദ്ധതികൾക്കായിരുന്നു വി.ആർ അശോകൻ മുൻതൂക്കം നൽകിയിരുന്നത്. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ജലസേചന സൗകര്യം മെച്ചപ്പെടുത്തിയും തരിശ് ഭൂമി കൃഷിയോഗ്യമാക്കിയും തടയണകൾ നിർമ്മിച്ചും കാർഷിക രംഗത്ത് പുത്തൻ ഉണർവുണ്ടാക്കാൻ അശോകന് കഴിഞ്ഞിരുന്നു. ക്ഷീരകർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 47.5 ലക്ഷം രൂപ വകയിരുത്തിയതും അദ്ദേഹത്തിന്റെ നിർബന്ധത്താലാണ്. ക്ഷീരമേഖലയിൽ കൂടുതൽ ഫണ്ട് ചെലവഴിച്ചതിനുള്ള സംസ്ഥാന അവാർഡും വി.ആർ അശോകനെ തേടിയെത്തിയിരുന്നു. കർഷകർക്കായിഇനിയും നിരവധി പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കാനിരിക്കെയാണ് അകാല വിയോഗം. കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. മുപ്പത് വർഷക്കാലം കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റായും പ്രീമിയർ അപ്പോളോ ടയേഴ്സ് ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റായും പ്രവ‌ർത്തിച്ചു. രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വമാകാൻ അശോകന് കഴിഞ്ഞിരുന്നു. ഏറെ നാളായി അലട്ടിയ കാൻസർ രോഗത്തെ പോലും അവഗണിച്ചായിരുന്നു പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നത്. എം.എൽ.എമാരായ അഡ്വ. പി.വി ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, എം.പി ബെന്നി ബഹനാൻ, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,​ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ എന്നിവർ അശോകന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.