കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകന്റെ അകാല വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് ഉറപ്പായ പട്ടിമറ്റം ബ്ളോക്ക് ഡിവിഷനിൽ മുന്നണികൾ തിരഞ്ഞെടുപ്പ് ചർച്ചകൾ അണിയറയിൽ സജീവമാക്കി. കുന്നത്തുനാട് പഞ്ചായത്തിലെ 6,7,8,9 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ 16,18,19 വാർഡുകളും ഉൾപ്പെട്ടതാണ് ഡിവിഷൻ. സംസ്ഥാനത്ത് യുഡി.എഫിനെ എൽ.ഡി.എഫ് പിന്താങ്ങുന്ന ഏക തദ്ദേശഭരണ സ്ഥാപനമാണ് വടവുകോട്. അത കൊണ്ടു തന്നെ ഉപതിരഞ്ഞെടുപ്പും നിർണ്ണായകമാകം.പട്ടിമറ്റം ബ്ളോക്ക് ഡിവിഷനിൽ യു.ഡി.എഫ് 5, ട്വന്റി20 5, എൽ.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യു.ഡി.എഫും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ എൽ.ഡി.എഫും ഏറ്റെടുത്താണ് ഭരണം മുന്നോട്ട് പോകുന്നത്. വി.ആർ. അശോകനുണ്ടായിരുന്ന കക്ഷി രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളാണ് യു.ഡി.എഫിന് പിന്തുണ എൽ.ഡി.എഫിനെ പ്രേരിപ്പിച്ചത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഡിവിഷൻ പിടിച്ചെടുക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. നില നിർത്താൻ യു.ഡി.എഫും കിണഞ്ഞ് പരിശ്രമിക്കും. അഞ്ച് സീറ്റുള്ള ട്വന്റ20യാകട്ടെ ആറാക്കാനുള്ള പോരാട്ടവും ശക്തമാക്കും. അഞ്ച് സീറ്റുണ്ടായിട്ടും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പോലും ലഭിക്കാതെ വന്ന ട്വന്റി20 ക്ക് വിജയിച്ചാൽ അതുറപ്പിക്കാനുള്ള വഴി കൂടി തെളിയും യു.ഡി.എഫ് സീറ്റ് നിലനിർത്തിയാൽ പോലും തുടർന്ന് എൽ.ഡി.എഫ് പിന്തുണ നൽകുമെന്നതിന് ഉറപ്പില്ല. എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്താൽ രണ്ട് മുന്നണികളും തുല്യ നിലയിലെത്തും. അത്തരമൊരു സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ആവശ്യപ്പെട്ടേക്കാം. ട്വന്റി20 ക്കാണ് വിജയമെങ്കിൽ ഭരണസഖ്യത്തിൽ നിന്ന് എൽ.ഡി.എഫ് വിട്ടു നിന്നേക്കും. സർവ്വ സമ്മതനായ സ്ഥാനാർത്ഥിയെ എന്നതിനാകും മുന്നണികൾ മുൻതൂക്കം നൽകുകയെന്ന് കരുതപ്പെടുന്നു. കുന്നത്തുനാട് ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20 യിൽ നിന്നും സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ തന്ത്രം തന്നെയാകും ഇവിടെയും എൽ.ഡി.എഫ് പരീക്ഷിക്കുക. പരിചയ സമ്പന്നരായ നിരവധി പ്രമുഖർ യു.ഡി.എഫ് സീറ്റിനായി രംഗത്തുണ്ട്. മുൻ ജില്ലാ പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗം എന്നിവർ മത്സരിക്കാൻ തയ്യാറായതായും സൂചനകളുണ്ട്.