
കൊച്ചി: മെട്രോ ട്രെയിൻ ബോഗികളിൽ ഭീകരാക്രമണ ഭീഷണി എഴുതിവച്ചത് രണ്ടുപേരാണെന്നും വെള്ളം ഒഴുകിപ്പോകാൻ മതിലിനടിയിൽക്കൂടി സ്ഥാപിച്ചിരുന്ന കാന വഴിയാണ് ഇവർ നുഴഞ്ഞു കയറിയതെന്നും സൂചന.പാന്റ്സും ഷർട്ടും ധരിച്ച ഇവരുടെ അവ്യക്ത ദൃശ്യങ്ങളേ പൊലീസിന് ലഭിച്ചിട്ടുള്ളൂ. മുഖമോ വസ്ത്രങ്ങളുടെ നിറമോ വ്യക്തമല്ല.
മേയ് 22ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് യാർഡിന്റെ വളപ്പിൽ നുഴഞ്ഞു കയറിയത്. ഒരാൾക്ക് കഷ്ടിച്ച് ഇഴഞ്ഞു കയറാവുന്ന വലിപ്പമുണ്ട് കാനയ്ക്ക്. പിൻവശത്ത് എത്തിയ ഇവർ, അതിക്രമിച്ചു കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയും മറികടന്നു. നേരെ എത്തിയത് ട്രെയിനുകൾ പാർക്ക് ചെയ്തിരുന്ന ഷെഡിലാണ്. 45 ഏക്കറുള്ള വിശാലമായ യാർഡിന്റെ പ്രധാന കെട്ടിടത്തിൽ നിന്ന് അര കിലോമീറ്റർ പിന്നിലായാണ് ഈ പാർക്കിംഗ് ബേ.
കാമറകളുടെ കണ്ണിൽപ്പെടാതെ ഒരു മണിക്കൂറോളം ഷെഡ്ഡിൽ ചെലവഴിച്ചാണ് 'ബ്ളാസ്റ്റ്, ഫസ്റ്റ് ഹിറ്റ് ഇൻ കൊച്ചി ' എന്ന് വയലറ്റും പച്ചയും നിറത്തിലുള്ള സ്‌പ്രേ പെയിന്റ് കൊണ്ട് മൂന്നു ബോഗികളിൽ എഴുതിയത്. ഒരു ബോഗിയിൽ ബ്ളാസ്റ്റിന് പകരം 'പ്ളേ' എന്നാണ് എഴുതിയത്. രണ്ടു ട്രെയിനുകളുടെ ഇടയ്ക്ക് പാളത്തിൽ നിന്നുകൊണ്ടാണ് എഴുതിയത്. കൃത്യം പൂർത്തിയാക്കി കാനവഴി പുറത്തേക്കും പോയി.സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇവരെന്ന് കരുതുന്നു.
സുരക്ഷാ വീഴ്ച
മെട്രോയുടെ നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന മുട്ടം യാർഡിലെ സുരക്ഷയിൽ ഗുരുതര പിഴവുണ്ടായെന്നാണ് വിലയിരുത്തൽ.
പാർക്കിംഗ് ബേയിൽ ആവശ്യത്തിന് സി.സി.ടി.വി കാമറകളില്ല. ഷെഡ്ഡിനുള്ളിൽ കാമറകളേയില്ല. ക്ളീനിംഗ് ജോലിക്കാരും കോച്ച് നിർമ്മാതാക്കളായ അൽസ്റ്റോമിന്റെ ടെക്നീഷ്യന്മാരുമാണ് ഡ്യൂട്ടിയിൽ. സുരക്ഷാ ചുമതല സ്വകാര്യ ഏജൻസിയായ എസ്.ഐ.എസിനാണ്. ഇവരുടെ ജീവനക്കാരിൽ കൂടുതലും അന്യസംസ്ഥാനക്കാരാണ്.
മെട്രോയുടെ പൂർണ സുരക്ഷാ ചുമതലയുള്ള, കേരള പൊലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനാംഗങ്ങൾ (എസ്.ഐ.എസ്.എഫ്) പ്രധാന കെട്ടിടത്തിൽ മാത്രമേയുള്ളൂ. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രം.
മൂന്നു പേരെ ചോദ്യം ചെയ്തു
കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്) സ്ഥലത്തെത്തി പരിശോധന നടത്തി. കേന്ദ്ര ഏജൻസികളും കേസ് വിലയിരുത്തുന്നുണ്ട്.
മൂന്നുപേരെ അന്നുതന്നെ മെട്രോ പൊലീസ് ചോദ്യം ചെയ്തിരുന്നു. പാർക്കിംഗ് ബേയിൽ ജോലി ചെയ്യുന്നവരുടെ മൊഴികളും ശേഖരിച്ചു. യാർഡിലെയും പിൻഭാഗത്തെ പ്രദേശങ്ങളിലെയും സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. സമാന സംഭവം മറ്റ് മെട്രോകളിൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നു.
കെ.എൻ. മനോജ്
മെട്രോ സ്റ്റേഷൻ ഇൻസ്പെക്ടർ