സംഭവം എം.ജി റോഡിലെ പെട്രോൾ പമ്പിൽ
കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തിമുനയിൽ നിർത്തി പണം തട്ടിയെടുത്തു. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘത്തിനായി വലവിരിച്ച് പൊലീസ്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളം ബാനർജി റോഡിലുള്ള കോട്ടൂർ ഫ്യൂവൽസ് പെട്രോൾ പമ്പിലെ ജീവനക്കാരനായ അസാം നാഗോൺ സ്വദേശി ജലാലുദ്ദീൻ അബ്ദുൾ ഹുസൈനാണ് അക്രമത്തിന് ഇരയായത്. 5,000 രൂപ നഷ്ടമായെന്നാണ് മൊഴി. വൻതുക ലക്ഷ്യമിട്ടാണ് പ്രതികളെത്തിയതെന്നാണ് കരുതുന്നത്.
ബുള്ളറ്റിന്റെ എൻജിൻ ഓയിൽ ആവശ്യപ്പെട്ടാണ് മൂന്നംഗ സംഘം ആദ്യം പമ്പിലെത്തിയത്. ഇത്തരം എൻജിൻ ഓയിലുകൾ ഇല്ലെന്ന് പറഞ്ഞതോടെ ഇവർ മടങ്ങിപ്പോയി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് വീണ്ടുമെത്തുകയായിരുന്നു. ഇതിലൊരാളാണ് പെട്രോൾ പമ്പിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഇവിടെയുണ്ടായിരുന്ന ജലാലുദ്ദീനെ കത്തിമുനയിൽ നിർത്തിയത്. ഹെൽമറ്റ് വച്ച് തുണികൊണ്ടു മുഖം മറച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല. വീണ്ടും ബുള്ളറ്റിനുള്ള എൻജിൻ ഓയിൽ ഉണ്ടോ എന്ന് ജലാലുദ്ദിനോട് ചോദിച്ചു. ഇല്ലെന്നു വീണ്ടും പറഞ്ഞതോടെ കീച്ചെയിനിലെ കത്തിയെടുത്തു കാട്ടി ബലമായി പണം ആവശ്യപ്പെടുകയായിരുന്നു.
പണം ലോക്കറിലായിരുന്നെങ്കിലും ഇക്കാര്യം ജീവനക്കാരൻ വെളിപ്പെടുത്തിയില്ല. പകരം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപയോളം വരുന്ന തുക യുവാവിന് കൈമാറുകയായിരുന്നു. ഇതുമായി കവർച്ചാ സംഘം സ്കൂട്ടറിൽ കയറി രക്ഷപെടുകയായിരുന്നു. സ്കൂട്ടറിന്റെ ചിത്രമെടുക്കാൻ ജീവനക്കാരൻ ശ്രമിച്ചെങ്കിലും നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. ഇതരസംസ്ഥാനക്കാരായ ജീവനക്കാരാണ് ഈസമയം പമ്പിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ഇവരാരും ഒച്ചവയ്ക്കുക പോലും ചെയ്തില്ലെന്നാണ് വിവരം. എറണാകുളം ഭാഗത്ത് നിന്നാണ് ഇവരെത്തിയത്. പണം അപഹരിച്ചശേഷം കലൂർ ഭാഗത്തേക്കാണ് പോയത്. സി.സി.ടിവി കാമറകൾ പരിശോധിച്ച് വരികയാണ്.പണം തട്ടിയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.