കോലഞ്ചേരി: ദാ വന്നു... ദേ പോയീ... തിരുവാണിയൂർ വില്ലേജ് ഓഫീസിലെ നെറ്റ്‌വർക്ക് കുറച്ച് നാളായി ഇങ്ങനെയാണ്. വില്ലേജ് ഓഫീസിൽ അടിയന്തിര ആവശ്യങ്ങൾക്കായി എത്തുന്നവർ കാത്തിരുന്നു മടുക്കും. ഒടുവിൽ നെറ്റ്‌വർക്ക് ശരിയാകുമ്പോൾ ഓഫീസിനു മുന്നിൽ ആവശ്യക്കാരുടെ നീണ്ട നിരയാകും. ദിവസങ്ങളായി ഓഫീസ് കയറി ഇറങ്ങി നടന്ന് കാര്യം നടക്കാത്തവർ രാവിലെ എത്തി ക്യൂവിൽ ഇടം തേടും. എന്നാൽ മണിക്കൂറുകൾ കാത്തിരുന്നാലും നിരാശയാകും ഫലം.

സുഖമില്ലാത്തവർ, കുട്ടികളെയും കൂട്ടി വരുന്നവർ എല്ലാം തന്നെ കാത്തിരിപ്പിലാണ്. ഉദ്യോഗസ്ഥർ യഥാസമയത്ത് ഓഫീസിലെത്തുമെങ്കിലും ഓൺലൈൻ സംവിധാനമാണെന്നതിനാൽ അവരും കൈമലർത്തുകയാണ്. അത്യാവശ്യ കാര്യങ്ങൾ എല്ലാം തന്നെ മുടങ്ങിയവർ ജീവനക്കാരോട് തട്ടിക്കയറുന്നതും സർവ്വസാധാരണമായിക്കഴി‌ഞ്ഞു. അക്ഷയ കേന്ദ്രം വഴിയാണ് ഒട്ടു മിക്ക കാര്യങ്ങളും ചെയ്യുന്നതെങ്കിലും വില്ലേജ് ഓഫീസിലെ നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമാണ് സർട്ടിഫിക്കറ്റുകൾ ലഭിക്കുകയുള്ളു. അതിനാൽത്തന്നെ നെറ്റ്‌വർക്ക് പ്രശ്നം നാട്ടുകാർക്ക് തലവേദനയായിരിക്കുകയാണ്.