ആലുവ: ആലുവ നഗരസഭ 11 -ാം വാർഡിൽ വർഷങ്ങളായി പ്രവർത്തനം നിലച്ച ജനപ്രിയ റെസിഡന്റ്സ് അസോസിയേഷൻ പുന:സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം. തന്റെ അറിവും സമ്മതവുമില്ലാതെ അസോസിയേഷൻ രക്ഷാധികാരിയെന്ന നിലയിൽ പോസ്റ്റർ അച്ചടിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാർഡ് അംഗം പി.എസ്. പ്രീത രംഗത്തെത്തി.
വാർഡിലെ മുഴുവൻ കുടുംബങ്ങളെയും അറിയിക്കാതെ ഒരു വിഭാഗം രഹസ്യമായി യോഗം ചേർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും അതിനാൽ ഇത്തരക്കാരുമായി യോജിച്ച് പോകാനാകില്ലെന്നും പി.എസ്. പ്രീത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വാർഡ് വാട്ട്സാപ്പ് ഗ്രൂപ്പിൽ റെസിഡന്റ്സ് അസോസിയേഷൻ സജീവമാക്കണമെന്ന ചർച്ച നടന്നിരുന്നു. അതിൽ ഇടപെടാമെന്ന ഉറപ്പ് നൽകിയതിനെ ദുർവ്യാഖ്യാനം ചെയ്താണ് ഒരു വിഭാഗത്തിന്റെ നടപടി. അതിനാൽ കടലാസ് സംഘടനയുമായി സഹകരിക്കില്ലെന്നും തന്റെ ചിത്രം പതിച്ച നോട്ടീസ് പിൻവലിക്കണമെന്നും പ്രീത ആവശ്യപ്പെട്ടു.
അതേസമയം, ജനപ്രിയ റെസിഡന്റ്സ് അസോസിയേഷൻ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. അസോസിയേഷന്റെ വാർഷികം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ ഉദ്ഘാടനം ചെയ്തു. ടി.ടി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി അഡ്വ. ടി.എസ്. സാനുവിനെ തിരഞ്ഞെടുത്തു. ശാരദ ലക്ഷ്മണൻ (വൈസ് പ്രസിഡന്റ്), പി. വിശ്വംഭരൻ (സെക്രട്ടറി), ലീന രാജൻ (ജോയിന്റ് സെക്രട്ടറി), ഓമന സുഭൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.