കൊച്ചി: തൃശൂരിൽ വെസ്റ്റ്‌നൈൽ പനി ബാധിച്ച് ഒരാൾ മരിക്കുകയും പിന്നാലെ പലരിലും ലക്ഷണങ്ങൾ കാണുകയും ചെയ്തതോടെ മുൻകരുതലുകൾ ശക്തിപ്പെടുത്തി ജില്ലാ ആരോഗ്യവിഭാഗം. കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ജില്ലാ ആരോഗ്യവിഭാഗം നടപ്പിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഉന്നതതല യോഗങ്ങൾ ചേരും. നിലവിൽ ജില്ലയ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ മരണത്തിലേക്ക് വരെ വഴിതെളിച്ചേക്കാമെന്നതിനാൽ പഴുതടച്ച ഒരുക്കങ്ങൾ നടത്തുമെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
1937ൽ ആഫ്രിക്കയിലെ ഉഗാണ്ടയിലുള്ള വെസ്റ്റ് നൈൽ മേഖലയിൽ കണ്ടെത്തിയതിനാലാണ് രോഗത്തിന് ഈ പേരു വരാൻ കാരണം. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വില്ലൻ വൈറസ്
പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത- അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ വാക്‌സിൻ ലഭ്യമല്ല.
ലക്ഷണങ്ങൾ
കണ്ണ് വേദന
പനി
ശരീരവേദന
തലവേദന
ഛർദ്ദി
വയറിളക്കം
ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ. രോഗം ബാധിച്ചവരിൽ ഏറെ പേർക്കും ചെറിയ തോതിലാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്. 20 ശതമാനത്തോളം പേരിൽ ലക്ഷണങ്ങൾ പ്രകടമാകാറുമുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അപകടസാദ്ധ്യത
ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാൽ, 60 വയസിന് മുകളിൽ പ്രായമുള്ളവരിലും ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. എന്നാൽ, ഇതുവരെയുള്ള കണക്കുകൾ പ്രകാരം വെസ്റ്റ്‌നൈൽ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്.
പനി ബാധിച്ചാൽ
രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ലഭ്യമാക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം.
പ്രതിരോധത്തിന്
കൊതുകു നിർമാർജ്ജനം
കൊതുകു കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.
 എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല
ഡോ. വി. ജയശ്രീ
ജില്ലാ മെഡിക്കൽ ഓഫീസർ