കൊച്ചി: മരണസർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചവരുത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അയ്യായിരംരൂപ പിഴവിധിച്ചു. തിരുവനന്തപുരം കരകുളം കളത്തുകാൽ കുഴിവിളാകത്ത് വീട്ടിൽ വി.എസ്. അമ്പിളികുമാർ നൽകിയ പരാതിയിലാണ് നടപടി.

2021 നവംബർ 17ന് മരിച്ച സുധയുടെ മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്നാണ് മകൻ അതേവർഷം ഡിസംബർ എട്ടിന് ഓംബുഡ്സ്‌മാ‌നെ സമീപിച്ചത്. മരണം വീട്ടിൽവച്ചായതിനാൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് വാർഡിന്റെ ചുമതലയുള്ള ജീവനക്കാരനെ നിയോഗിച്ചതായി സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു. മരണം നടന്ന വീട്ടിലെ ഗൃഹനാഥൻ മരണം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകിയിരുന്നില്ല. സ്വത്തുക്കൾ വാങ്ങിയെടുക്കാൻ വേണ്ടിയാണ് പരാതിക്കാരൻ മരണസർട്ടിഫിക്കറ്റിന് ശ്രമിക്കുന്നതെന്നും ഇത് നൽകരുതെന്നും ഇയാളുടെ സഹോദരൻ ആവശ്യപ്പെട്ടിരുന്നു. സഹോദരൻമാർ തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥർ പക്ഷംചേരുന്നത് ശരിയല്ലെന്ന് ഓംബുഡ്സ്‌മാൻ ചൂണ്ടിക്കാട്ടി. മരണസർട്ടിഫിക്കറ്റ് സമയബന്ധിതമായി നൽകുന്ന കാര്യത്തിൽ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. സെക്രട്ടറി ഹാജരാക്കിയ മരണസർട്ടിഫിക്കറ്റ് അനുസരിച്ച് ഡിസംബർ 9നാണ് മരണം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് നൽകേണ്ട സേവനങ്ങൾക്കായി പലപ്രാവശ്യം ഓഫീസ് കയറിയിറങ്ങേണ്ടി വരുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. ഒരു മാസത്തിനകം പരാതിക്കാരന് തുക നൽകണമെന്നാണ് വിധി.