വൈപ്പിൻ:പണ്ട് കാലങ്ങളിലേതിനു സമാന തോതിൽ ഇല്ലെങ്കിലും സമൂഹത്തിൽ ഇപ്പോഴും സൂക്ഷ്മ തലത്തിൽ ജാതീയതയുണ്ടെന്ന് കലാമണ്ഡലം സർവകാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് അഭിപ്രായപ്പെട്ടു. ശാസ്ത്രത്തിലും യുക്തിയിലും അടിയുറച്ച് നിന്ന സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം സമൂഹം പഠിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ചെറായിയിൽ നടത്തിയ മിശ്രഭോജനത്തിന്റെ 105-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.പൗലോസ്.
പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പൻ, കെ.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.സഹോദരൻ അയ്യപ്പന്റെ കവിതകൾ- രാഷ്ട്രീയവും സമകാലീനതയും എന്ന വിഷയത്തിൽ ഡോ.സുമി ജോയ് പ്രഭാഷണം നടത്തി. തുടർന്ന് മിശ്രഭോജന സ്മൃതി സദ്യയും നടന്നു.