കളമശേരി: ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങൾ കൈയ്യേറിയുള്ള തെരുവോര കച്ചവടക്കാരുടെ എണ്ണം പെരുകുന്നു. 40ൽ താഴെ ആളുകൾക്കാണ് നഗരസഭയുടെ ബാഡ്ജ് നൽകിയിട്ടുള്ളത്. ഫാക്ടിന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിലും തെരുവ് കച്ചവടക്കാർ ചെറിയ തോതിൽ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സ്ഥിര കേന്ദ്രമാക്കി കഴിഞ്ഞു. നഗരസഭയിൽ നിന്ന് ലൈസൻസ് എടുത്ത് വൈദ്യുതി ചാർജ്, വാട്ടർചാർജ്, ഫുഡ് ലൈസൻസ്, ലീഗൽ മെട്രോളജി ചാർജ്, ലേബർ ഡിപ്പാർട്ട്മെന്റ് ഫീസ്, കെട്ടിടവാടക തുടങ്ങിയവയെല്ലാം നൽകി നിയമപരമായി കച്ചവടം ചെയ്യുന്നവർക്കാണ് ഇതുമൂലം ബുദ്ധിമുട്ടുകളെന്ന് വ്യാപാരി വ്യവസായി നേതാക്കൾ പറഞ്ഞു.

ദേശീയ നഗര ഉപജീവന മിഷൻ സർവ്വേ പ്രകാരം വഴിവാണിഭക്കാരായ 100 പേരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസ് പരിശോധനയ്ക്കു വേണ്ടി ഏലൂർ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി പി.കെ സുഭാഷ് പറഞ്ഞു. സെൻട്രൽ ആക്ട് പ്രകാരം രൂപീകൃതമായ നഗര തെരുവ് കച്ചവട സമിതിയുടെ തീരുമാനത്തോടെ പൊതുമരാമത്ത് റോഡ് കൈയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ പി.ഡബ്ളിയു.ഡി. എ.ഇയ്ക്ക് നഗരസഭ കത്ത് നൽകി കഴിഞ്ഞു.

"