ആലുവ: ചെറിയ ഇടവേളക്ക് ശേഷം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് വീണ്ടും ഗുണ്ടാ, മയക്കുമരുന്ന് മാഫികളുടെ പിടിയിലായെന്ന് ആക്ഷേപം. ബസ് സ്റ്റാൻഡിലെ വ്യാപാരികളും യാത്രക്കാരും മാത്രമല്ല ബസ് തൊഴിലാളികളും മാഫിയ സംഘത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

കൊവിഡിനെ തുടർന്ന് ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം താത്കാലികമായി നിലച്ചതാണ് സാമൂഹിക വിരുദ്ധർ വീണ്ടും സജീവമാകാൻ കാരണം. ഒരു ബസിൽ പരമാവധി നാല് ജീവനക്കാർ മതിയെങ്കിലും ഉടമയുടെ സുഹൃത്തുക്കളെന്ന നിലയിൽ ഏഴും എട്ടും പേർ വരെ ബസുകളിലുണ്ടാകും. യാത്ര പുറപ്പെടും മുമ്പ് ബസിനകം കൈയടക്കുന്ന ഇവർ യാത്രക്കാർക്ക് . ഇത്തരം ബസുകളിൽ യാത്രക്കാർ കയറാൻ പോലും മടിക്കുകയാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ബസ് ജീവനക്കാരിൽ ചെറിയൊരു വിഭാഗത്തിന്റെ ഒത്താശയോടെയാണ് ഗുണ്ടാ, മയക്കുമരുന്ന്, കൊള്ളപ്പലിശക്കാർ എന്നിവർ ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്നത്.

സ്വകാര്യ സ്റ്റാന്റിൽ നിന്നും സർവീസ് നടത്തുന്ന 200ഓളം ബസുകളിലായി 750 ഓളം തൊഴിലാളികളുണ്ട്. ഇവരിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ് മറ്റ് തൊഴിലാളികൾക്കും ശല്യമാകുന്നത്.രാത്രി പത്തര കഴിഞ്ഞാൽ ചീട്ടുകളിയും തകൃതിയാണ്.

രണ്ടാഴ്ച്ചക്കിടയിൽ രണ്ട് അക്രമം

രണ്ടാഴ്ച്ചക്കിടയിൽ രണ്ട് അക്രമ സംഭവങ്ങളാണ് സ്റ്റാൻഡിൽ അരങ്ങേറിയത്. സമയം തെറ്റിയതിന്റെ പേരിൽ ഓടികൊണ്ടിരുന്ന ബസിൽ കയറിയാണ് ഡ്രൈവർ തറയിൽ എൽദോസ് എന്നയാളെ മർദ്ദിച്ചത്. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ട മറ്റൊരു ബസിൽ ഉരസി. ഈ ബസിനടിയിൽ കിടന്ന തെരുവ് നായക്കും പരിക്കേറ്റു. മൂന്ന് ദിവസത്തിന് ശേഷം മട്ടാഞ്ചേരി സ്വദേശിയായ ഡ്രൈവർ യോഗേഷിനും സമാനമായ മർദ്ദനമേറ്റു. അക്രമികൾ യഥാർത്ഥ ബസ് തൊഴിലാളികളല്ല.

പ്രതിഷേധം ഫലിച്ചു, വീണ്ടും എയ്ഡ് പോസ്റ്റ് തുറന്നു

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് വീണ്ടും തുറന്നു. ഗുണ്ടാ ലഹരി, മാഫിയകൾക്കെതിരെ സംയുക്ത ബസ് തൊഴിലാളികൾ രംഗത്തെത്തിയതതോടെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശ പ്രകാരം വീണ്ടും എയ്ഡ് പോസ്റ്റ് തുറന്നത്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ എയ്ഡ് പോസ്റ്റിൽ പൊലീസിന്റെ സേവനമുണ്ടാകും.പുലരുവോളം പൊലീസ് പട്രോളിംഗിനും നിർദേശമുണ്ട്. ബസുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസ് ഇല്ലാത്ത കണ്ടക്ടർമാരിൽ നിന്ന് ഉൾപ്പെടെ 48 ബസുകളിൽ നിന്നും പിഴയും ഈടാക്കി.