മരട്: എസ്.എൻ.ഡി.പി യോഗം 2451-ാം നമ്പർ കുണ്ടന്നൂർ ശാഖാവക ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവവും ശ്രീനാരായണഗുരുദേവ മണ്ഡപ ശിലാസ്ഥാപനവും നാളെ (01) നടക്കും. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.15ന് മഹാഗണപതിഹവനം. 11ന് പൂർവ്വകാലമൂർത്തികൾക്ക് പത്മമിട്ട് പൂജ. 12.05ന് ശ്രീനാരായണഗുരുദേവ മണ്ഡപ ശിലാസ്ഥാപനം വി.എസ്. രാമകൃഷ്ണൻ (രാജേശ്വരി ഗ്രൂപ്പ് ഒഫ് കമ്പനി) നിർവ്വഹിക്കും. തുടർന്ന് ശിവഗിരി നവതി ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.എസ്.ബാബുറാമിൽ നിന്ന് കണയന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ആദ്യസംഭാവന സ്വീകരിക്കും. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, ശാഖാ സെക്രട്ടറി സി.പി.സോമൻ എന്നിവർ സംസാരിക്കും.