ആലുവ: ഭർത്താവുമായി പിണങ്ങി കൂട്ടുകാരിക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കൾ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയതായി പരാതി. കീഴ്മാട് സ്വദേശിനിയായ കൂട്ടുകാരിയാണ് യുവതിയുടെ വീട്ടുകാർക്കെതിരെ ആലുവ പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം.

ഭർത്താവുമായി പിണങ്ങിയ യുവതി കുറച്ചുദിവസമായി കൂട്ടുകാരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ മക്കളെ കാണുന്നതിന് സ്വന്തം വീട്ടുകാരോടും ഭർത്തൃവീട്ടുകാരോടും താത്പര്യം അറിയിച്ചു. ഇതനുസരിച്ച് സ്വന്തം വീട്ടുകാർ കൊണ്ടുവന്ന കാറിൽ കയറ്റിയശേഷം യുവതിയെ തിരികെ എത്തിച്ചില്ലെന്നാണ് പരാതി. യുവതിക്ക് സ്വന്തം വീട്ടിലോ ഭർത്താവിന്റെ വീട്ടിലോവെച്ച് എന്തെങ്കിലും സംഭവിച്ചാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടുകാരിയുടെ പരാതി. ആലുവയിൽ ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്നയാളാണ് യുവതി. കേസെടുത്തിട്ടില്ലെന്ന് സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.