കൊച്ചി: പുകയില ഭൂമിയെ വിഷമയമാക്കുന്നു എന്ന സന്ദേശവുമായി ഇന്ന് ലോകപുകയില വിരുദ്ധദിനം. വലിക്കുന്നവരെയും ചവയ്ക്കുന്നവരെയും മാത്രമല്ല അവരുമായി അടുത്തിടപെടുന്നവരെയും കാൻസറിന് ഇരയാക്കുന്നതാണ് പുകയില ഉത്പന്നങ്ങൾ.
പുകയില ഉപയോഗംകൊണ്ട് പ്രതിവർഷം 80ലക്ഷംപേർ ലോകത്ത് കാൻസർ ബാധിച്ച് മരിക്കുന്നുണ്ടെന്ന് കാൻസർ വിദഗ്ദ്ധൻ ഡോ.സി.എൻ. മോഹനൻ നായർ പറഞ്ഞു. ഇവരിൽ 12ലക്ഷംപേർ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാതെ സമ്പർക്കത്തിൽ പെടുന്നവരാണ്. ഇന്ത്യയിൽ 267 ദശലക്ഷം പേരാണ് പുകയില ഉപയോഗിക്കുന്നത്. 13.5 ലക്ഷം പേരാണ് മരിക്കുന്നത്.
പുകയിലക്കൃഷിയും രോഗബാധയ്ക്ക് കാരണമാകും. കാൻസറിന് പുറമെ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം തുടങ്ങിയവയിലെ പ്രധാനവില്ലനും പുകയില ഉത്പന്നങ്ങളാണ്. വായ്, തൊണ്ട, ശ്വാസകോശം, അന്നനാളം, വൃക്ക, പാൻക്രിയാസ് എന്നിവയെ കാൻസർ ബാധിക്കുന്നതിലും പുകയിലയ്ക്ക് വലിയപങ്കുണ്ട്. പുകവലി, മുറുക്കാൻ, പൊടിവലി, പാൻമസാല എന്നിവ ഒഴിവാക്കുകയാണ് രോഗബാധ തടയാൻ മാർഗമെന്ന് അദ്ദേഹം പറഞ്ഞു.